
ന്യൂയോർക്ക്; ഏപ്രിൽ 23 ഞായറാഴ്ച്ച റോക്ക്ലാൻഡ് ഓറഞ്ച്ബർഗിലെ “സിത്താർ പാലസ്സിൽ” ചേർന്ന എൻ.എസ്.എസ്. ഓഫ് ഹഡ്സൺ വാലിയുടെ കുടുംബസംഗമം ഫസ്റ്റ് ലേഡി ജഗദമ്മ നായർ, സെക്രട്ടറി പത്മാവതി നായർ, മിനി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ചന്ദ്രൻ നായർ, ഡോ. പി.ജി. നായർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. ജയപ്രകാശ് നായർ പ്രാർത്ഥനാഗാനം ആലപിച്ചു.
കോവിഡുകാലത്തെ ഭീതിദമായ നീണ്ട ഇടവേളയ്ക്ക് ശേഷം അംഗങ്ങൾ സകുടുംബം ഒത്തുചേർന്ന സന്തോഷം പങ്കുവച്ചുകൊണ്ട് പ്രസിഡന്റ് ജി.കെ. നായർ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ഹഡ്സൺ വാലിയിലെ നായർ സമൂഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി പത്മാവതി നായർ കഴിഞ്ഞ വർഷങ്ങളിൽ നമ്മെ വിട്ടുപിരിഞ്ഞ കുടുംബാംഗങ്ങളെ അനുസ്മരിച്ചുകൊണ്ട് ഒരുമിനിട്ട് മൗന പ്രാർത്ഥന നടത്തിയ ശേഷം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് പ്രധാനമായി നടന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. അതിൽ പ്രധാനമായും “താങ്ക്സ് ഗിവിംഗ്, ദീപാവലി” സമയത്ത് നോൺ പെരിഷബിൾ ഫുഡ് ശേഖരിച്ച് റോക്ക്ലാൻഡ് കൗണ്ടിയിലെ “പീപ്പിൾ റ്റു പീപ്പിൾ” ചാരിറ്റി സംഘടന വഴി അർഹരായവർക്ക് വിതരണം നടത്തി;
“മന്ത്ര” എന്ന ഹൈന്ദവ സംഘടനയ്ക്കു വേണ്ടി കൃഷ്ണരാജ് മോഹൻ ഈ വർഷം ജൂലൈ മാസത്തിൽ ഹൂസ്റ്റനിൽ നടക്കുന്ന ഹൈന്ദവ സമ്മേളനത്തിൽ പങ്കെടുക്കുവാൻ അംഗങ്ങളെ ക്ഷണിച്ചു.
കെ.എച്ച്.എൻ.എ. ട്രസ്റ്റീ ബോർഡ് മെമ്പറും രജിസ്ട്രേഷൻ കമ്മിറ്റി അംഗവുമായ ഗോപിനാഥക്കുറുപ്പ് ഈ വർഷം നവംബർ 23,24, 25 തീയതികളിൽ ഹൂസ്റ്റണിൽവച്ചുനടക്കുന്ന
കെ.എച്ച്.എൻ.എ കൺവൻഷനിലേക്ക് അംഗങ്ങളെ സ്വാഗതം ചെയ്യുകയും 2025-ൽ നടക്കുന്ന അടുത്ത കൺവൻഷൻ ന്യൂയോർക്കിൽ കൊണ്ടുവരുവാനും അതു വിജയിപ്പിക്കുവാനും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
ജനുവരി മുതൽ മാർച്ച് മാസം വരെ ജന്മനക്ഷത്രം വരുന്നവരുടെ ബർത്ത്ഡേ കേക്ക് മുറിച്ച് ആഘോഷിച്ചത് വേറിട്ടൊരനുഭവമായിരുന്നു.
തുടർന്ന് “സിത്താർ പാലസ്സ്” ഒരുക്കിയ വിഭവസമൃദ്ധമായ വിഷുസദ്യയും നടന്നു. വൈസ് പ്രസിഡന്റ് ചന്ദ്രൻ നായർ അംഗങ്ങൾക്കും നല്ല സദ്യ ഒരുക്കിയ സിത്താർ പാലസ്സിനും നന്ദിപറഞ്ഞുകൊണ്ട് കുടുംബസംഗമം സമംഗളം പര്യവസാനിച്ചു.